07:22am 11 November 2026
NEWS
പലസ്തീൻ വിഷയത്തിൽ അമേരിക്കയേയും ഇസ്രയേലിനെയും തള്ളി ഇന്ത്യ
13/09/2025  06:04 AM IST
nila
 പലസ്തീൻ വിഷയത്തിൽ അമേരിക്കയേയും ഇസ്രയേലിനെയും തള്ളി ഇന്ത്യ

പലസ്തീൻ പ്രശ്നത്തിൽ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന നിലപാട് തിരുത്തി ഇന്ത്യ. പലസ്തീൻ പ്രശ്നത്തിൽ ദ്വിരാഷ്ട്ര പരിഹാരം നിർദേശിക്കുന്ന പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്തു.  യുഎൻ പൊതുസഭയിൽ ഫ്രാൻസ് കൊണ്ടുവന്ന പ്രമേയത്തെയാണ് ഇന്ത്യ അനുകൂലിച്ചത്. പത്തിനെതിരെ 142 രാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. ഇസ്രയേൽ, അമേരിക്ക, അർജന്റീന, ഹംഗറി തുടങ്ങിയ രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്തത്. 

ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുക വഴി പലസ്തീൻ പ്രശ്നം പരിഹരിക്കാമെന്ന ന്യൂയോർക്ക് പ്രഖ്യാപനത്തെ അംഗീകരിക്കുന്ന പ്രമേയമാണ് ഫ്രാൻസ് പൊതുസഭയിൽ അവതരിപ്പിച്ചത്. യുഎൻ പൊതുസഭയിൽ ഗാസ വിഷയം വോട്ടിനുവരുമ്പോൾ വിട്ടുനിൽക്കുന്നതായിരുന്നു സമീപകാലത്ത് ഇന്ത്യയുടെ നിലപാട്. അമേരിക്കയോടും ഇസ്രയേലിനോടും സൗഹൃദം കാത്തുസൂക്ഷിക്കാനും ഇന്ത്യ ശ്രദ്ധിച്ചിരുന്നു. എന്നാൽ, ഇപ്പോൾ, അമേരിക്കൻ - ഇസ്രയേൽ നിലപാടുകളെ പൂർണമായി തള്ളിയാണ് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ നിലപാടെടുത്തിരിക്കുന്നത്. 

ഫ്രാൻസ് മുന്നോട്ടുവച്ച പ്രമേയത്തെ അറബ് രാജ്യങ്ങൾ ഒറ്റക്കെട്ടായി പിന്തുണച്ചു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുക, നിലവിലെ ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന് സമാധാനപരവും ശാശ്വതവുമായ പരിഹാരം ഉണ്ടാവണമെന്നും മേഖലയിലെ എല്ലാ ജനവിഭാഗങ്ങൾക്കും മികച്ച ഭാവിയുണ്ടാകാനും ഉതകുന്ന നടപടികൾ സ്വീകരിക്കാനും സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിനെ പിന്തുണയ്ക്കുന്ന പ്രമേയം ആഹ്വാനം ചെയ്യുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img